ഭുവനേശ്വർ: ഒഡീഷയില്‍ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വിവാദംസൃഷ്ടിച്ച ജീതു മുണ്ട ഒടുവിൽ എല്ലാവരോടും ക്ഷമിച്ചു.
ജീവനക്കാർ മോശമായി പെരുമാറിയെങ്കിലും ഒരാൾക്കെതിരേയും നടപടി വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സഹോദരി കൽറ മുണ്ടയുടെ പേരിൽ നിക്ഷേപിച്ച തുക ബാങ്കുകാർ വീട്ടിൽ എത്തിച്ചുതന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിൽ ഒരുതരത്തിലുള്ള ഖേദമില്ലെന്നും വ്യക്തമാക്കി.
അസ്ഥികൂടവുമായി പോയതുകൊണ്ടുമാത്രമാണ് ബാങ്കിൽ നിന്ന് പണം ലഭിച്ചതെന്നും 50 കാരനായ ജീതു മുണ്ട പറഞ്ഞു.സഹോദരിയുടെ പേരിൽ ഒഡിഷ ഗ്രാമീൺ ബാങ്കിലെ മാലിപോസി ശാഖയിലുള്ള തുക പിൻവലിക്കാൻ എത്തിയപ്പോൾ ജീവനക്കാർ തടസവാദം ഉന്നയിച്ചതാണ് അസ്ഥികൂടവിവാദത്തിൽ കലാശിച്ചത്.
സഹോദരി മരിച്ചുവെന്നതിനു തെളിവുവേണമെന്ന് ജീവനക്കാർ പറയുകയായിരുന്നു. ഇതോടെ ജീതു മുണ്ട അസ്ഥികൂടം തോണ്ടിയെടുത്ത് ബാങ്കിലെത്തുകയായിരുന്നു. അവിവാഹിതനായ ജീതു, വിധവയായ സഹോദരിക്കൊപ്പമാണു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി അവസാനം സഹോദരി മരിച്ചു.
സഹോദരി മരിച്ചുവെന്ന് നിരവധി തവണ പറഞ്ഞിട്ടും ബാങ്ക് ജീവനക്കാര്‍ അത് കേള്‍ക്കാന്‍ തയാറായില്ലെന്നും പണം വേണമെങ്കില്‍ അക്കൗണ്ട് ഉടമ നേരിട്ടുവരണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതെന്നുമാണ് ജീതു മുണ്ട പറഞ്ഞത്. അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വന്നതോടെ സംസ്ഥാനസർക്കാർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.